താമരശ്ശേരി: സമൂഹത്തിന്റെ നന്മയ്ക്കും പുരോഗതിക്കുമായി ജീവിതം ഉഴിഞ്ഞുവെച്ച മഹദ്വ്യക്തിത്വങ്ങളായിരുന്നു അന്തരിച്ച നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസനും പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിലുമെന്ന് പ്രമുഖ എഴുത്തുകാരൻ രമേശ് കാവിൽ പറഞ്ഞു. താമരശ്ശേരി സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ശബ്ദം
ശ്രീനിവാസൻ വെറുമൊരു ചലച്ചിത്ര പ്രവർത്തകനായിരുന്നില്ലെന്നും, സാധാരണക്കാരന്റെ അനുഭവങ്ങളും ചിന്തകളും പ്രേക്ഷകമനസ്സിൽ ആഴത്തിൽ പതിപ്പിച്ച കലാകാരനായിരുന്നുവെന്നും രമേശ് കാവിൽ അനുസ്മരിച്ചു. സാമൂഹിക പ്രശ്നങ്ങളെ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കാൻ അദ്ദേഹത്തിന് സവിശേഷമായ കഴിവുണ്ടായിരുന്നു. സമൂഹത്തിന്റെ നവീകരണത്തിനായി സ്വയം പരിഹാസപാത്രമാകാൻ പോലും അദ്ദേഹം മടിച്ചില്ല. അരാജകത്വത്തിനെതിരെ തന്റെ ചിന്തകളെ ആയുധമാക്കിയ അദ്ദേഹം സാധാരണക്കാരന്റെ ജീവൽപ്രശ്നങ്ങളാണ് സിനിമകളിൽ പ്രമേയമാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരിസ്ഥിതിയും കലയും ഒത്തുചേർന്ന അനുസ്മരണം
ചടങ്ങിൽ പി.വി. ദേവരാജ് മാധവ് ഗാഡ്ഗിൽ അനുസ്മരണം നടത്തി. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രസക്തി വിളിച്ചോതിക്കൊണ്ട്, ശ്രീനിവാസൻ്റെയും മാധവ് ഗാഡ്ഗിലിൻ്റെയും സ്മരണാർത്ഥം ചടങ്ങിൽ പങ്കെടുത്തവർക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു.
സാംസ്കാരിക വേദി പ്രസിഡന്റ് ടി.ആർ.ഒ. കുട്ടൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റസീന സിയാലി ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് നവാസ് ഈർപ്പോണ, ഗ്രാമപഞ്ചായത്ത് അംഗം കാവ്യ വി.ആർ., പി.കെ. രാധാകൃഷ്ണൻ, ടി.പി. രഘുനാഥ്, മജീദ് ഭവനം, വി.കെ. അഷ്റഫ് എന്നിവർ സംസാരിച്ചു.
സാംസ്കാരിക വേദി സെക്രട്ടറി ഗിരീഷ് തേവള്ളി സ്വാഗതവും കൺവീനർ റാഷി താമരശ്ശേരി നന്ദിയും പറഞ്ഞു. തുടർന്ന് ശ്രീനിവാസൻ സിനിമകളിലെ ഹൃദ്യമായ ഗാനങ്ങൾ കോർത്തിണക്കി നടത്തിയ ‘ഗാനാഞ്ജലി’ കാണികൾക്ക് വിരുന്നായി.