താമരശ്ശേരി: പൂനൂരിൽ യുവാവിനെ തോക്കുചൂണ്ടി വധഭീഷണി മുഴക്കുകയും തുടർന്ന് ക്രൂരമായി മർദ്ദിക്കുകയും ചെയ്തതായി പരാതി. പൂനൂർ തേക്കുംതോട്ടം സ്വദേശി മുഹമ്മദ് ദിൽഷാൻ (18) ആണ് ആക്രമണത്തിന് ഇരയായത്. ഇന്നലെ രാത്രി പത്ത് മണിയോടെ പൂനൂർ ചീനിമുക്കിലും പിന്നീട് താമരശ്ശേരി മിനി ബൈപ്പാസിലുമായിരുന്നു നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്.
സംഭവത്തെക്കുറിച്ച് ദിൽഷാൻ പറയുന്നത് ഇങ്ങനെ:
സുഹൃത്തുക്കൾക്കൊപ്പം പൂനൂർ ചീനിമുക്കിലെ ഒരു കടയിൽ ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു ദിൽഷാൻ. ഈ സമയം തൻ്റെ സുഹൃത്തായ ലാമിഷിനെ ഒരാൾ മർദ്ദിക്കുന്നത് കണ്ട ദിൽഷാൻ ഇടപടുകയും ഇരുവരെയും പിടിച്ചുമാറ്റാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ ഇതിൽ പ്രകോപിതനായ ഉണ്ണികുളം ഇയ്യാട് സ്വദേശിയും താമരശ്ശേരിയിൽ “ആൽക്കിമിസ്റ്റ്” എന്ന സ്ഥാപനം നടത്തുന്നയാളുമായ ബാസിൽ ലത്തീഫ് തൻ്റെ അരയിൽ കരുതിയിരുന്ന തോക്ക് പുറത്തെടുത്ത് ദിൽഷാന് നേരെ ചൂണ്ടി വധഭീഷണി മുഴക്കുകയായിരുന്നു.
ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ബാസിലും സംഘവും കാറിൽ സ്ഥലത്തുനിന്നും പോയി. എന്നാൽ അൽപ്പസമയത്തിനകം കൂടുതൽ ആളുകളുമായി വീണ്ടും സ്ഥലത്തെത്തിയ ഇവർ ദിൽഷാൻ്റെ സുഹൃത്തുക്കളുമായി വീണ്ടും തർക്കത്തിൽ ഏർപ്പെട്ടു. ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടിയതോടെയാണ് സംഘം അവിടെനിന്നും പിൻവാങ്ങിയത്.
രണ്ടാംഘട്ട ആക്രമണം താമരശ്ശേരിയിൽ:
ഇതിനുശേഷം ഒരു സുഹൃത്തിനൊപ്പം താമരശ്ശേരി ഓടക്കുന്നുള്ള വർക്ക്ഷോപ്പിൽ പോയി മടങ്ങുകയായിരുന്നു ദിൽഷാൻ. താമരശ്ശേരി മിനി ബൈപ്പാസിൽ വെച്ച് തൻ്റെ മറ്റൊരു സുഹൃത്തിനെ കണ്ട് ദിൽഷാൻ കാർ നിർത്തി. ഈ സമയം സമീപത്തെ തൻ്റെ സ്ഥാപനത്തിന് മുന്നിൽ നിൽക്കുകയായിരുന്ന ബാസിൽ ഓടിയെത്തുകയും കാറിൻ്റെ വാതിൽ ബലമായി തുറന്ന് ദിൽഷാനെ ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. ഇടത് വശത്തെ ചെവിക്കും തലയ്ക്കും സാരമായി പരിക്കേറ്റ ദിൽഷാൻ വീട്ടിലെത്തി വിവരം അറിയിച്ചതിനെ തുടർന്ന് സഹോദരനൊപ്പം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
പ്രതിയായ ബാസിലുമായി തനിക്ക് യാതൊരുവിധ മുൻപരിചയവുമില്ലെന്ന് ദിൽഷാൻ പോലീസിനോട് പറഞ്ഞു. നിസ്സാരമായ തർക്കത്തിനിടയിൽ തോക്ക് പുറത്തെടുത്ത് ഭീഷണിപ്പെടുത്തിയത് പ്രദേശവാസികളിലും വലിയ ഭീതിയുണ്ടാക്കിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജനവാസ മേഖലയിൽ തോക്കുമായി ചുറ്റിസഞ്ചരിക്കുകയും അക്രമം നടത്തുകയും ചെയ്ത പ്രതിയെ എത്രയും വേഗം പിടികൂടണമെന്ന ആവശ്യത്തിലാണ് നാട്ടുകാർ.