Kattippara: സാക്ഷരതാ മിഷൻ, കേരള സർക്കാർ, കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി മികവുത്സവവും സാക്ഷരതാ പരീക്ഷയും സംഘടിപ്പിച്ചു. കട്ടിപ്പാറ കാരുണ്യതീരം ക്യാമ്പസിൽ വെച്ച് നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് മെമ്പർ കെ.ടി. മുഹമ്മദലി ഉദ്ഘാടനം നിർവ്വഹിച്ചു.
ഭിന്നശേഷിക്കാർ ഉൾപ്പെടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും പഠനപ്രവാഹത്തിലേക്ക് ഉൾക്കൊള്ളിക്കുന്നതിലൂടെ സാക്ഷരതാ പ്രവർത്തനങ്ങൾക്ക് പുതിയ ദിശ നൽകാൻ ഈ പദ്ധതിക്ക് കഴിയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അറിവ് നേടുന്നതിൽ പ്രായമോ പരിമിതികളോ തടസ്സമല്ലെന്ന് തെളിയിക്കുന്നതായിരുന്നു മികവുത്സവത്തിലെ പങ്കാളിത്തം.
കാരുണ്യതീരം സ്പെഷ്യൽ സ്കൂൾ ചെയർമാൻ ബാബു കുടുക്കിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസത്തിലൂടെ പാർശ്വവൽക്കരിക്കപ്പെട്ടവരെ മുഖ്യധാരയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തിലുള്ള സാക്ഷരതാ പരീക്ഷകൾ സംഘടിപ്പിക്കുന്നത്.
ചടങ്ങിൽ കാരുണ്യതീരം സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പാൾ ലുംതാസ് സി. കെ, വൈസ് പ്രിൻസിപ്പാൾ ജസീന കെ, വൊക്കേഷണൽ ഇൻസ്പെക്ടർ ഭവ്യ സി. പി, പി.ടി.എ പ്രസിഡന്റ് ജയരാജൻ, സാക്ഷരതാ പ്രേരക് നസീറ എന്നിവർ സംബന്ധിച്ചു. പഠിതാക്കളുടെ വിവിധ കലാപരിപാടികളും ഇതിന്റെ ഭാഗമായി അരങ്ങേറി.