Kalppetta: വയനാട് ജില്ലയില്‍ ലഹരിവിരുദ്ധ പരിശോധന ശക്തമാക്കുന്നതിന്റെ ഭാഗമായി നടത്തിയ നീക്കത്തില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ച മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി രണ്ടുപേര്‍ പോലീസ് പിടിയിലായി. കല്‍പ്പറ്റ റാട്ടകൊല്ലി മാടംപ്പള്ളി സ്വദേശി എം. ഷറഫുദീന്‍ (40), കോഴിക്കോട് അടിവാരം പൊട്ടിക്കയ്യില്‍ വീട്ടില്‍ അബ്ദുല്‍ അസീസ് (35) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും കല്‍പ്പറ്റ പോലീസും ചേര്‍ന്ന് പിടികൂടിയത്.
ലഹരിമരുന്ന് വില്‍പ്പന നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെത്തുടര്‍ന്ന് കല്‍പ്പറ്റയിലെ ‘ലക്കി ലോഡ്ജില്‍’ വ്യാഴാഴ്ച നടത്തിയ മിന്നല്‍ റെയ്ഡിലാണ് പ്രതികള്‍ വലയിലായത്. ഇവരില്‍ നിന്ന് 1.65 ഗ്രാം എം.ഡി.എം.എ പോലീസ് കണ്ടെടുത്തു. ലോഡ്ജ് കേന്ദ്രീകരിച്ച് ലഹരിമരുന്ന് വില്‍പ്പന നടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് പോലീസ് അറിയിച്ചു.
കല്‍പ്പറ്റ സബ് ഇന്‍സ്‌പെക്ടര്‍ കെ.എം. അര്‍ഷിദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. പിടികൂടിയ പ്രതികളെ കോടതിയില്‍ ഹാജരാക്കി. വരും ദിവസങ്ങളിലും പരിശോധനകള്‍ കര്‍ശനമായി തുടരുമെന്ന് പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.