Thamarassery
: പഞ്ചായത്ത് കെട്ടിടത്തിന്റെ കരാർ കാലാവധി നീട്ടിനൽകാമെന്ന് പ്രലോഭിപ്പിച്ച് യുവതിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമത്തിന് മുതിർന്ന മുതിർന്ന കോൺഗ്രസ് നേതാവിനെതിരെ പോലീസ് കേസെടുത്തു. കെപിസിസി അംഗവും താമരശ്ശേരി മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ എ. അരവിന്ദനെതിരെയാണ് താമരശ്ശേരി പോലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്.
യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ലൈംഗിക അതിക്രമം, മാനഭംഗ ശ്രമം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പോലീസ് നടപടി.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്:
പരാതിക്കാരിയായ യുവതി താമരശ്ശേരി പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ ഒരു സ്ഥാപനം നടത്തിവരികയാണ്. അരവിന്ദൻ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലയളവിലാണ് ഈ സ്ഥാപനത്തിന് അനുമതി ലഭിച്ചത്. ഈ സ്ഥാപനത്തിന്റെ പ്രവർത്തന കാലാവധി അടുത്ത മാസം 14-ാം തിയതി അവസാനിക്കാനിരിക്കുകയായിരുന്നു.
കാലാവധി നീട്ടിക്കിട്ടുന്നതിനായി പഞ്ചായത്തിൽ ശുപാർശ ചെയ്യണം എന്ന് അഭ്യർത്ഥിച്ചുകൊണ്ട് യുവതി അരവിന്ദനെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. എന്നാൽ, ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ നേരിട്ട് സംസാരിക്കാനെന്ന വ്യാജേന അരവിന്ദൻ യുവതിയെ സ്വന്തം വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ, വീട്ടിൽ മറ്റാരും ഇല്ലാത്ത സമയം നോക്കിയാണ് യുവതിയോട് വരാൻ ആവശ്യപ്പെട്ടത്. വീട്ടിലെത്തിയ യുവതിയെ ഇയാൾ അകത്തേക്ക് കൈപിടിച്ചു കയറ്റുകയും, ധരിച്ചിരുന്ന ബനിയൻ അഴിച്ചുമാറ്റി ബലമായി കയറിപ്പിടിക്കുകയുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. ഏറെ പ്രയാസപ്പെട്ടാണ് യുവതി ഇയാളുടെ പിടിയിൽ നിന്നും രക്ഷപ്പെട്ട് പുറത്തേക്കോടിയത്.
വിവാദം കത്തുന്നു; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്
സംഭവത്തിനു ശേഷം മാനസികമായി തകർന്ന യുവതി താമരശ്ശേരി പോലീസ് സ്റ്റേഷനിലെത്തി നേരിട്ട് പരാതി നൽകുകയായിരുന്നു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റായും, പലതവണ താമരശ്ശേരി പഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുള്ള പ്രമുഖ നേതാവിനെതിരെ ഉയർന്ന ഗുരുതരമായ ആരോപണം പ്രാദേശിക രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. മുൻപ് എ കെ ജിക്കെതിരെ അരവിന്ദൻ നടത്തിയ വിവാദ പ്രസംഗവും ഇതോടൊപ്പം സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുന്നുണ്ട്.
സംഭവത്തിൽ താമരശ്ശേരി പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ നടപടികളിലേക്ക് പോലീസ് കടക്കുമെന്നാണ് സൂചന.
ThamarasseryTime.com News Desk