Thamarassery: ചമൽ സ്വദേശിയായ യുവതിയെയും കുടുംബത്തെയും പൊതുമധ്യത്തിൽ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ രണ്ടുപേർക്കെതിരെ താമരശ്ശേരി പോലീസ് കേസെടുത്തു. കട്ടിപ്പാറ ഓട്ടോ സ്റ്റാൻഡിലെ കെ.പി.ആർ ഓട്ടോറിക്ഷ ഉടമ കെ.പി.ആർ പ്രകാശൻ, കട്ടിപ്പാറ ടൗണിലെ പഴയ ക്ഷേത്രത്തിന് സമീപം ബേക്കറി നടത്തുന്ന നാസർ എന്നിവർക്കെതിരെയാണ് പോലീസ് നടപടി സ്വീകരിച്ചത്.
യുവതിയെയും പ്രായപൂർത്തിയായ മകളെയും ലക്ഷ്യം വെച്ച് അസത്യവും നിന്ദ്യവുമായ ആരോപണങ്ങൾ അടങ്ങിയ പോസ്റ്ററുകൾ അച്ചടിച്ച് വിതരണം ചെയ്തതിനാണ് കേസ്. ചമൽ അങ്ങാടിയിലും പരിസര പ്രദേശങ്ങളിലുമാണ് ഇവ വ്യാപകമായി പതിപ്പിച്ചത്. കുടുംബത്തെ തേജോവധം ചെയ്യാനും മാനഹാനി വരുത്താനും ബോധപൂർവമായ ശ്രമം നടന്നതായി പോലീസ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.
യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നതിനെക്കുറിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിക്കൽ, അപകീർത്തിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.