Thiruvananthapuram, സംസ്ഥാനത്തു പെരുകി വരുന്ന വ്യാജ ബോംബ് സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താനാകാതെ പൊലീസ് നട്ടം തിരിയുന്നതിനിടെ തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെയും നെടുമ്പാശേരി വിമാനത്താവളത്തിലെയും ബോംബ് ഭീഷണിക്ക് പിന്നിൽ ആന്ധ്രാ സ്വദേശിയെന്നു പൊലീസിന്റെ കണ്ടെത്തൽ. വാറങ്കൽ സ്വദേശി നിധീഷ് ആണ് സന്ദേശം അയച്ചതെന്ന് തെലങ്കാനയിലും പൊലീസ് ഇന്റലിജൻസ് സ്ഥിരീകരിച്ചതായി പൊലീസ് പറഞ്ഞു.
ഫെബ്രുവരിയിൽ പൊലീസിന്റെ ഫെയ്സ്ബുക് മെസഞ്ചറിൽ ആണ് ഭീഷണി സന്ദേശം ലഭിച്ചത്. 32 മണിക്കൂറിനുള്ളിൽ തമ്പാനൂർ റെയിൽവേ സ്റ്റേഷനിലും നെടുമ്പാശേരി വിമാനത്താവളത്തിലും സ്ഫോടനം നടക്കുമെന്നായിരുന്നു സന്ദേശം. ഉടൻ തന്നെ പൊലീസും ആർപിഎഫും ചേർന്നു റെയിൽവേ സ്റ്റേഷൻ പരിസരത്ത് തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. സൈബർ സെൽ പരിശോധനയിൽ സന്ദേശം എത്തിയത് സിക്കന്ദരാബാദിൽ നിന്നാണെന്നു തിരിച്ചറിഞ്ഞതോടെ പ്രത്യേകം സംഘം അന്വേഷണത്തിനായി അങ്ങോട്ടു പോയി.
ഐടി കമ്പനി അക്കൗണ്ടന്റിനെ ആയിരുന്നു സംശയം. ഇയാളുടെ വീട്ടിൽ അന്വേഷണ സംഘം റെയ്ഡ് നടത്തി ലാപ്ടോപ്പും മൊബൈൽഫോണും പിടിച്ചെടുത്തു. എന്നാൽ അക്കൗണ്ടന്റ് കുറ്റം നിഷേധിച്ചു. തന്റെ അക്കൗണ്ട് ആരെങ്കിലും ഹാക്ക് ചെയ്തിട്ടുണ്ടാകാമെന്ന് സംശയം പ്രകടിപ്പിക്കുകയും ചെയ്തു. ഐപി വിലാസം അക്കൗണ്ടന്റിന്റേതാണെന്നും ഇയാളുടെ മൊബൈൽ ഫോൺ നമ്പർ ഉപയോഗിച്ചു ഒന്നിലധികം ഇ–മെയിൽ ഐഡികൾ നിർമിച്ചിട്ടുണ്ടെന്നും കണ്ടെത്തി.
തുടർന്ന് ലാപ്ടോപ് ഫൊറൻസിക് ലാബിൽ പരിശോധനയ്ക്ക് അയച്ചു. ഇ–മെയിൽ ഹാക്ക് ചെയ്തു നിർമിച്ച ഫെയ്സ്ബുക് അക്കൗണ്ടിലൂടെയാണ് ഭീഷണി സന്ദേശം അയച്ചതെന്നു പൊലീസ് കണ്ടെത്തി. ഇയാളുടെ ഭാര്യ ഒരു ട്രാവൽ ഏജൻസിയിലെ ജീവനക്കാരിയാണ്. ഏജൻസിയുടെ ആവശ്യത്തിനായി ഇവരുടെയും ഭർത്താവിന്റെയും ഫോൺനമ്പരുകളും മെയിൽ ഐഡികളും പലർക്കും കൈമാറുകയും പരസ്യപ്പെടുത്തുകയും ചെയ്തിരുന്നു. ഇതുവഴിയാകാം നിധീഷ് ഹാക്ക് ചെയ്തു വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് നിർമിച്ചത്. കണ്ണൂരിലെ ബോംബ് ഭീഷണി കേസിലും നിധീഷിനെ ആണ് സംശയിക്കുന്നതെന്നും കേരളത്തിലെ മറ്റ് ബോംബ് ഭീഷണികളുമായി ഇയാൾക്ക് ബന്ധമില്ലെന്നും പൊലീസ് പറഞ്ഞു.
ഇ–മെയിൽ ഉറവിടം തേടി പൊലീസ്
വ്യാജ ബോംബ് ഭീഷണി സന്ദേശമെത്തുന്ന ഇ–മെയിലുകളുടെ ഉറവിടം സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കിയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് മൈക്രോസോഫ്റ്റിന് പൊലീസിന്റെ മുന്നറിയിപ്പ്. ബോംബ് ഭീഷണികളെ തുടർന്നു കമ്മിഷണർ ഓഫിസിൽ ചേർന്ന അവലോകന യോഗത്തിനു ശേഷമാണ് സിറ്റി പൊലീസിലെ ഡിസിപിമാർ മൈക്രോസോഫ്റ്റ് അധികൃതരുമായി ആശയവിനിമയം നടത്തിയത്. വിപിഎൻ വിലാസം കണ്ടെത്താൻ മൈക്രോസോഫ്റ്റിന് സൈബർ ക്രൈം പൊലീസ് പലതവണ മെയിൽ അയച്ചെങ്കിലും വിവരങ്ങൾ നൽകാൻ കഴിയില്ലെന്ന മറുപടിയാണു ലഭിച്ചത്.
ഇതേത്തുടർന്ന് അന്വേഷണം പ്രതിസന്ധിയിലായി. മൈക്രോസോഫ്റ്റിന്റെ മെയിൽ സംവിധാനമായ ഔട്ട്ലുക്ക് വഴിയാണ് ഭീഷണി സന്ദേശം എത്തുന്നതെന്നും അന്വേഷണ ഏജൻസിക്ക് വിവരങ്ങൾ ലഭിക്കില്ലെന്നുമുള്ളതു മനസ്സിലാക്കിയാണ് ഇതെന്നും സൈബർ ക്രൈം പൊലീസ് പറഞ്ഞു. അതേസമയം, വ്യാജ ഇ– മെയിൽ ബോംബ് ഭീഷണി മൂലം പൊലീസ് വലയുമ്പോഴും അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടില്ല.
ഇ–മെയിൽ ബോംബ് ഭീഷണിയിൽ തമിഴ്‍നാട്ടിൽ അടുത്തിടെ ഇരുനൂറോളം കേസുകളാണ് പൊലീസ് റജിസ്റ്റർ ചെയ്തതെന്നും ഒടുവിൽ കേസ് റജിസ്റ്റർ ചെയ്യാതായതോടെ മാധ്യമ ശ്രദ്ധ ഇല്ലാതായെന്നും ഇതോടെയാണു ബോംബ് ഭീഷണി അവസാനിച്ചതെന്നും പൊലീസ് പറഞ്ഞു.
Summary:
Police have traced the recent fake bomb threat messages at Thampanoor Railway Station and Nedumbassery Airport to a man named Nidheesh from Warangal, Andhra Pradesh. The threats were sent via a hacked Facebook account linked to an IT company accountant, whose devices were seized but who denied involvement. Investigations revealed that the hacker accessed the accountant’s information through his wife's travel agency contacts. Despite repeated requests, Microsoft has not provided the origin details of the threatening emails sent through Outlook, causing a setback in the investigation. Meanwhile, police suspect Nidheesh in another bomb threat case in Kannur but state he is not linked to other recent threats in Kerala.