Thamarassery: ഷഹബാസ് വധക്കേസിൽ കുറ്റാരോപിതരായ വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കുന്നത് മാറ്റി. ഏപ്രിൽ 11ന് കോടതി ജാമ്യാപേക്ഷ പരിഗണിക്കും.
കേസിൽ കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയിൽ വാദം പൂർത്തിയായിരുന്നു. കുറ്റാരോപിതരായ വിദ്യാർത്ഥികൾ നിലവിൽ ജുവനൈൽ ഹോമിൽ കഴിയുകയാണ്.
അതേസമയം വിദ്യാർത്ഥികൾ പ്രായ പൂർത്തിയാകാത്തത് പരിഗണിക്കരുതെന്ന് ഷഹബാസിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു.
വിദ്യാർത്ഥികൾക്ക് ജാമ്യം നൽകിയാൽ അത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് ഷഹബാസിന്റെ കുടുംബവും പ്രോസിക്യൂഷനും പറഞ്ഞു. ജുവനൈൽ ജസ്റ്റിസ് ബോർഡ് ജാമ്യാപേക്ഷ തള്ളിയതോടെയാണ് വിദ്യാർത്ഥികൾ ജില്ലാ കോടതിയെ സമീപിച്ചത്. ട്യൂഷൻ സെന്ററിലുണ്ടായ പ്രശ്നത്തിന്റെ ചുവടുപിടിച്ച് നടന്ന വിദ്യാർത്ഥി സംഘർഷത്തിലായിരുന്നു പതിനഞ്ചുകാരനായ ഷഹബാസിന് ജീവൻ നഷ്ടമായത്.