Sreenagar: കശ്മീരിലെ വിനോദ സഞ്ചാര കേന്ദ്രമായ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം കുറച്ചത് നാട്ടുകാരുടെ അവസരോചിത ഇടപെടലുകള്‍. സ്വന്തം ജീവന്‍ പോലും ത്യജിച്ച് കശ്മീര്‍ കാണാനെത്തിയ സഞ്ചാരികളെ ചേര്‍ത്തുപിടിച്ചവരായിരുന്നു പ്രദേശവാസികളും വിനോദ സഞ്ചാര മേഖലയില്‍ ജോലി ചെയ്തവരും. പഹല്‍ഗാമില്‍ കുതിര സവാരി നടത്തി ഉപജീവനം നടത്തുന്ന സയ്യിദ് ആദില്‍ ഹുസൈന്‍ ഷാ ഭീകരൻ്റെ കൈയില്‍ നിന്ന് തോക്ക് പിടിച്ചുവാങ്ങിയാണ് സഞ്ചാരിയെ രക്ഷപ്പെടുത്തിയത്. എന്നാല്‍ പിന്നാലെയെത്തിയ ഭീകരര്‍ സയ്യിദ് ആദിലിനെ വെടിവെച്ച് കൊന്നു.
പഹല്‍ഗാമിലെ കാര്‍ പാര്‍ക്കിംഗ് ഏരിയയില്‍ നിന്ന് കാല്‍നടയായി മാത്രം എത്തിച്ചേരാവുന്ന ബൈസരന്‍ പുല്‍മേടിലേക്ക് കുതിരപ്പുറത്ത് വിനോദ സഞ്ചാരികളെ എത്തിക്കുന്ന ജോലിയാണ് ആദിലിന്. തൻ്റെ കുതിരപ്പുറത്ത് കയറിയ വിനോദ സഞ്ചാരിക്ക് നേരെ വെടിയുതിര്‍ക്കാന്‍ തുനിഞ്ഞ ഭീകരൻ്റെ കൈയില്‍ നിന്നാണ് സയ്യിദ് ആദില്‍ തോക്ക് പിടിച്ചുവാങ്ങിയത്. മുസ്‌ലിംകളല്ലാത്തവരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നു ഭീകരര്‍. മുസ്‌ലിംകളല്ലെന്ന് ഉറപ്പിച്ച് വെടിവെക്കാനൊരുങ്ങവെ ആദില്‍ അവരുടെ കൈയില്‍ നിന്ന് തോക്ക് തട്ടിപ്പറിച്ചു.
വലിയൊരാള്‍ക്കൂട്ടം അവിടെയുണ്ടായിരുന്നുവെങ്കിലും ഭീകരരോട് ഏറ്റുമുട്ടാന്‍ ധൈര്യം കാണിച്ചത് ആദില്‍ മാത്രമായിരുന്നു. പിന്നാലെയെത്തിയ മറ്റ് ഭീകരരാണ് ആദിലിന് നേരെ നിറയൊഴിച്ചത്. പ്രായമായ മാതാപിതാക്കളും ഭാര്യയും കുഞ്ഞുങ്ങളുമടങ്ങുന്ന കുടുംബത്തിൻ്റെ ഏക ആശ്രയമായ ആദില്‍. ‘ചൊവ്വാഴ്ച ജോലിക്കായി പഹല്‍ഗാമിലേക്ക് പോയതാണ് എന്റെ മകന്‍. മൂന്ന് മണിയോടെ ഞങ്ങള്‍ ആക്രമണത്തെ കുറിച്ചറിഞ്ഞു. അവനെ വിളിച്ചു നോക്കിയപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ്. വൈകിട്ട് 4.40 ആയതോടെ ഫോണ്‍ ഓണ്‍ ആയി. ഞങ്ങള്‍ വിളിച്ചുകൊണ്ടേയിരുന്നു. എന്നാല്‍ ആരും ഫോണെടുത്തില്ല. പോലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ അവന് വെടിയേറ്റത് മനസ്സിലായി’-ആദിലിന്റെ പിതാവ് സയ്യിദ് ഹൈദര്‍ ഷാ മാധ്യമങ്ങളോട് പറഞ്ഞു.