Malappuram, വീട്ടിലെ പ്രസവം: അസ്വാഭാവിക മരണത്തിന് കേസ്

 

Ambulance arriving at Perumbavoor with woman’s body after suspected home birth complication in Malappuram

Malappuram: വീട്ടിലെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും. പെരുമ്പാവൂര്‍ സ്വദേശി അസ്മയുടെ പ്രസവം കഴിഞ്ഞ് രക്തസ്രാവമുണ്ടായിട്ടും ആശുപത്രിയില്‍ കൊണ്ടുപോയില്ലെന്ന് അസ്മയുടെ കുടുംബം ആരോപിച്ചു. മരണത്തില്‍ പരാതിയുണ്ടെന്നും കുടുംബം പറഞ്ഞു.

കഴിഞ്ഞ ദിവസം ഭര്‍ത്താവ് സിറാജുദ്ദീന്‍ മൃതദേഹം മലപ്പുറത്ത് നിന്നും അസ്മയുടെ സ്വദേശമായ പെരുമ്പാവൂരിലെ വീട്ടിലേക്ക് കൊണ്ടുവന്നെങ്കിലും തര്‍ക്കത്തെ തുടര്‍ന്ന് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ച് ഇന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകും. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം അസ്മയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംസ്‌കാരം ഇന്ന് തന്നെ നടക്കും.

അതേസമയം മരണ വിവരം സിറാജുദ്ദീന്റെ ഒരു ബന്ധുവാണ് അസ്മയുടെ വീട്ടുകാരെ അറിയിക്കുന്നത്. വീട്ടുകാര്‍ മൃതദേഹം ഏറ്റുവാങ്ങാന്‍ സന്നദ്ധരാണെന്ന് ബന്ധുവിനെ ധരിപ്പിച്ച ഉറപ്പിലാണ് ആംബുലന്‍സ് അസ്മയുടെ വീട്ടിലെത്തിച്ചത്. പിതാവിന്റെ അടുത്തുതന്നെ മറവുചെയ്യണമെന്ന് അസ്മയ്ക്ക് ആഗ്രഹമുണ്ടായിരുന്നുവെന്ന് പറഞ്ഞാണ് സിറാജുദ്ദീന്‍ മൃതദേഹം പെരുമ്പാവൂരിലേക്ക് കൊണ്ടുവന്നത്.

എന്നാല്‍ വീട്ടിലെത്തി ബന്ധുക്കള്‍ കാര്യങ്ങള്‍ തിരക്കിയപ്പോള്‍ സിറാജുദ്ദീന്റെ പ്രതികരണങ്ങളില്‍ ബന്ധുക്കള്‍ക്ക് സംശയം ഉണ്ടാകുകയായിരുന്നു. അസ്മയെയും കുഞ്ഞിനെയും ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കാത്തതിനെ ബന്ധുക്കള്‍ ചോദ്യം ചെയ്യുകയും ഇവര്‍ തമ്മില്‍ വാക്കേറ്റവും കൈയേറ്റവുമുണ്ടാവുകയുമായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നവജാതശിശു നിലവില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പീഡിയാട്രിക് വിഭാഗത്തില്‍ നിയോ നേറ്റല്‍ എന്‍ഐസിയുവില്‍ ചികിത്സയിലാണ്. നവജാത ശിശുവിന്റെ ദേഹത്ത് പ്രസവ സമയത്തുള്ള രക്തം പോലും തുടച്ചു കളയാതെയാണ് ഇയാള്‍ മലപ്പുറത്ത് നിന്ന് പെരുമ്പാവൂര്‍ വരെ കുഞ്ഞിനെ എത്തിച്ചതെന്നും കുടുംബം പറയുന്നു. പായയില്‍ പൊതിഞ്ഞാണ് അസ്മയുടെ മൃതദേഹം ആംബുലന്‍സിലെത്തിച്ചതെന്നും കുടുംബം ആരോപിക്കുന്നു.

അസ്മയുടെ അഞ്ചാമത്തെ പ്രസവത്തിലാണ് മരണം സംഭവിച്ചത്. നേരത്തെയും ഇത്തരത്തിൽ വീട്ടിൽ പ്രസവം നടത്തിയിരുന്നു. ആദ്യ രണ്ട് പ്രസവം ആശുപത്രിയിൽ വെച്ചായിരുന്നു നടത്തിയത്. എന്നാൽ അതിന് ശേഷം സിറാജുദ്ദീൻ അക്യുപങ്ചർ പഠിക്കുകയും പ്രസവം വീട്ടിൽ നടത്തുകയുമായിരുന്നു.

Post a Comment (0)
Previous Post Next Post