Malappuram, തിരൂര്‍ പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ തട്ടിപ്പ് കേസിലെ അധ്യാപകനെ പൊലീസും നാട്ടുകാരും ചേർന്ന് പിടികൂടി. സഹപ്രവർത്തകരുടെ പി എഫ് അക്കൗണ്ട് ഉൾപ്പെട്ട വെബ്സൈറ്റ് ഹാക്ക് ചെയ്ത് തട്ടിപ്പ് നടത്തിയ കാടാമ്പുഴ എ യു പി സ്കൂളിലെ അധ്യാപകനായ സൈതലവിയാണ് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെ ചാടിപ്പോയത്.
സഹപ്രവർത്തകരായ മറ്റ് അധ്യാപകരുടെ പി എഫ് അക്കൗണ്ട് ഉൾപ്പെട്ട വെബ്സൈറ്റ് ഹാക്ക് ചെയ്തായിരുന്നു തട്ടിപ്പ്. ഹാക്ക് ചെയ്ത് യൂസർ ഐഡിയും പാസ്സ്‌വേർഡും മനസ്സിലാക്കിയ പ്രതി പി എഫ് അക്കൗണ്ടുകളിൽ നിന്നും പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിയില്‍ നിന്നും പണം മാറ്റാൻ ശ്രമിച്ചു. സംശയം തോന്നിയ അധ്യാപകർ പരാതിപ്പെട്ടതോടെയാണ് പ്രധാന അധ്യാപകൻ വിവരമറിഞ്ഞത്. തുടർന്ന് പൊലീസിൽ പരാതിപ്പെടുകയായിരുന്നു. അധ്യാപകരുടെ പരാതിയിൽ കാടാമ്പുഴ പൊലീസ് സൈതലവിയെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തു.
കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെ പ്രതി പൊലീസിന്റെ കണ്ണ് വെട്ടിച്ച് ചാടിപ്പോയി. രണ്ടു മണിക്കൂറിനു ശേഷമാണ് തിരൂർ നഗരത്തിലുള്ള സൂപ്പർമാർക്കറ്റിന് സമീപത്ത് വച്ച് പ്രതിയെ നാട്ടുകാരും പൊലീസും ചേർന്ന് പിടികൂടിയത്. പ്രതിക്കെതിരെ മോഷണം ഉൾപ്പെടെ മുൻപ് 8 കേസുകൾ ഉണ്ടെന്ന് പൊലീസ് പറഞ്ഞു