Kunnamanglam
:
ലഹരിക്ക് എതിരെ എല്ലാ ജനങ്ങളും ഒരുമിച്ചിറങ്ങണം എന്ന് ഇസ്ലാം മത പണ്ഡിതന്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍.
SKN40യുടെ ഭാഗമായി കോഴിക്കോട് മര്‍കസില്‍ എത്തിയ ട്വന്റിഫോര്‍ ചീഫ് എഡിറ്റര്‍ ആര്‍ ശ്രീകണ്ഠന്‍ നായരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇസ്ലാം മതത്തില്‍ ലഹരിക്ക് വിലക്കുണ്ട്. എല്ലാവരും ലഹരിക്ക് എതിരെ ഒറ്റക്കെട്ടായി പ്രചാരണം നടത്തണം – അദ്ദേഹം വ്യക്തമാക്കി. ഭരണഘടന ഉയര്‍ത്തിപിടിച്ചു നമ്മുടെ രാജ്യത്തിന്റെ നല്ല പേരു സംരക്ഷിക്കണം എന്നും ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു.
നമ്മുടെ ശ്രദ്ധ കുറഞ്ഞു പോയി എന്നാണ് ഞാന്‍ മനസിലാക്കുന്നത്. മദ്യവും മയക്കുമരുന്നും ഉപയോഗിക്കാന്‍ പാടില്ല എന്ന കാര്യം ബോധവത്കരണത്തിലൂടെ മാത്രമേ നടപ്പാക്കാന്‍ സാധിക്കു. അക്രമത്തിലൂടെയോ നിയമങ്ങളിലൂടെയോ മാത്രം സാധിക്കുന്ന ഒന്നല്ല. നിയമം എല്ലാവര്‍ക്കും അറിയാം. പക്ഷേ ബോധവത്കരണം കുറവായിപ്പോയാല്‍ മനുഷ്യന്റെ പ്രകൃതി നഷ്ടപ്പെടുന്നതിലേക്ക് മാറിപ്പോകും.
അതുകൊണ്ട്, വിദ്യാര്‍ത്ഥികളെ മതം നോക്കാതെ ബോധവത്കരിക്കണം. എല്ലാ നികൃഷ്ട പ്രവര്‍ത്തകരുടെയും ഉദ്ഭവമാണ് മദ്യം ഉപയോഗം എന്ന് പ്രവാചകര്‍ തന്നെ പറഞ്ഞിട്ടുണ്ട്.
ഇത് വര്‍ജിക്കേണ്ടതാണെന്ന് ഇസ്ലാം വളരെ ശക്തിയായി നിര്‍ദേശിച്ചിട്ടുണ്ട്. മനുഷ്യന്റെ ബുദ്ധിയെ നശിപ്പിക്കുന്നതാണ് ലഹരി. അത് ഉപയോഗിച്ചാല്‍ ബുദ്ധി നഷ്ടപ്പെടും.
അങ്ങനെ വരുമ്പോള്‍ മനുഷ്യനും മറ്റു ജീവികളും തമ്മില്‍ യാതൊരു വ്യത്യാസവുമില്ലാതെ വരും. അതുകൊണ്ട് ഇത് വര്‍ജ്ജിക്കപ്പെടേണ്ടതാണെന്ന ബോധവത്കരണം ചെറുപ്പത്തില്‍ തന്നെ കുട്ടികള്‍ക്ക് നല്‍കണം -എ പി അബൂബക്കര്‍
മുസ്ലിയാര്‍ പറഞ്ഞു.
ഭരണഘടന സംരക്ഷിക്കപ്പെടേണ്ട ആവശ്യകതയെ കുറിച്ചും അദ്ദേഹം ഊന്നിപ്പറഞ്ഞു. എല്ലാ വിഭാഗം ആളുകളും ഉള്ള രാജ്യമാണ് ഇന്ത്യ. എല്ലാവര്‍ക്കും ജീവിക്കാനും പഠിക്കാനും പഠിപ്പിക്കാനും സൗകര്യമുള്ള ഭരണഘടനയാണ് നമ്മുടേത്. അതുകൊണ്ട് ആ ഭരണഘടനയെ സംരക്ഷിക്കുക എന്നത് നമ്മുടെ കര്‍ത്തവ്യമായി ഓരോരുത്തരും മനസിലാക്കണം. അതിന് എന്തെങ്കിലും പറ്റിപ്പോയാല്‍ പിന്നീട് ഒരു മതത്തിനോ മതമില്ലാത്തവര്‍ക്കോ ഒന്നും ഇവിടെ നിലനില്‍ക്കാന്‍ സാധിക്കാതെ വരും. ഭരണഘടനയെ സംരക്ഷിക്കുക നമ്മുടെ കര്‍ത്തവ്യമാണ് – അദ്ദേഹം വ്യക്തമാക്കി.
മര്‍ക്കസ് വിദ്യാഭ്യാസത്തിന് നല്‍കുന്ന പ്രാധാന്യത്തെ കുറിച്ചും അദ്ദേഹം മനസു തുറന്നു. ഇവിടെ എല്ലാ വിഭാഗങ്ങള്‍ക്കുമുള്ള കുട്ടികള്‍ക്കും വന്ന് പഠിക്കാമെന്ന് പറഞ്ഞ അദ്ദേഹം എല്ലാ വിഭാഗങ്ങള്‍ക്കും പ്രധാന്യം നല്‍കുന്നുണ്ടെന്നും വ്യക്തമാക്കി. മതമെന്നത് മനുഷ്യന്റെ ജീവിത്തെ ചിട്ടപ്പെടുത്തുന്നതിനുള്ള പരിശീലനം കൊടുക്കുന്ന പ്രസ്ഥാനമാണ്. ഇസ്ലാം മതവും ചില പ്രത്യേക നിയമങ്ങളും ചിട്ടകളുമെല്ലാം വച്ചിട്ടുണ്ട്. മറ്റുമതക്കാര്‍ ഇവിടെയുണ്ടാകാന്‍ പാടില്ലെന്നും അവര്‍ വിദ്യാഭ്യാസത്തില്‍ വരാന്‍ പാടില്ലെന്നും മുസ്ലീമുകള്‍ എപ്പോഴും ഉയര്‍ന്നിരിക്കണമെന്നുമൊന്നുമുള്ള ചിന്താഗതി ഞങ്ങള്‍ക്കില്ല – അദ്ദേഹം വ്യക്തമാക്കി.