Kozhikode: വഖഫ് ഭേദഗതി നിയമത്തിനെതിരെ കോഴിക്കോട് കടപ്പുറത്ത് മുസ്ലിം ലീഗ് സംഘടിപ്പിച്ച മഹാറാലിയിൽ ബി.ജെ.പി സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങൾ. പൗരന്‍റെ വിശ്വാസം സംരക്ഷിക്കേണ്ട കാവൽക്കാർ തന്നെ അവരുടെ സ്വത്തുക്കളുടെ കൈയേറ്റക്കാരാവുകയാണെന്ന് സാദിഖലി തങ്ങൾ പറഞ്ഞു.
വഖഫ് സ്വത്തുക്കൾ സംരക്ഷിക്കേണ്ട ബാധ്യത സർക്കാറിനാണ്. ഇത് മുസ്ലിംകളെ മാത്രം ബാധിക്കുന്ന വിഷയമല്ല. രാജ്യത്തെ ഭരണഘടനയെ ഹനിക്കുന്ന നിയമം എന്ന നിലയിൽ ജനാധിപത്യ സംവിധാനംതന്നെ അട്ടിമറിക്കപ്പെടുകയാണ്. ജനാധിപത്യത്തിന്‍റെയും മതേതരത്വത്തിന്‍റെയും കാവൽക്ഷേത്രമായിരുന്ന പാർലമെന്‍റിനെ ജനങ്ങൾക്കിടയിൽ ചേരിതിരിവുണ്ടാക്കി തമ്മിൽ തല്ലിക്കാൻ ദുരുപയോഗം ചെയ്യുകയാണ് മോദി സർക്കാറെന്നും സാദിഖലി തങ്ങൾ കുറ്റപ്പെടുത്തി.
വഖഫ് ഭേദഗതി നിയമത്തിനെതിരെ രാജ്യത്തുടനീളം നടക്കുന്ന പ്രതിഷേധം അവഗണിച്ച് മുന്നോട്ടു പോകാനാണ് ഉദ്ദേശ്യമെങ്കിൽ അതിനെ ജനാധിപത്യപരമായി ചെറുക്കും. സുപ്രീംകോടതി ബുധനാഴ്ച വാദികളുടെ അഭിപ്രായങ്ങൾക്ക് ചെവികൊടുത്തു എന്നത് പ്രതീക്ഷ നൽകുന്നതാണ്. ഇന്ന് മുസ്ലിംകൾക്കെതിരെയാണ് സർക്കാർ നീക്കമെങ്കിൽ നാളെ ആർക്കെതിരിലും ഇത്തരം കരിനിയമങ്ങൾ ചുട്ടെടുക്കാം.
മുനമ്പം വിഷയത്തിൽ സാമുദായിക ധ്രുവീകരണം ഉണ്ടായിക്കൂടാ. കേന്ദ്ര, സംസ്ഥാന സർക്കാറുകൾ രാഷ്ട്രീയ നേട്ടങ്ങൾക്കായി വിഷയം ദുരുപയോഗം ചെയ്യുകയാണ്. ലീഗ് മുനമ്പത്തെ ജനങ്ങൾക്കൊപ്പമാണ്. അവിടെ സാമുദായിക സൗഹൃദത്തിനാണ് ഊന്നൽ നൽകുന്നത്. വിഷയത്തിൽ ക്രൈസ്തവ മേലധ്യക്ഷന്മാരുമായുള്ള ആശയവിനിമയം തുടരുമെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കി