Kozhikode: ഫറോക്ക് പാലത്തുനിന്നും താഴേക്ക് ചാടി ആത്മഹത്യ ചെയ്യാൻ ഒരുങ്ങിയ യുവാവിനെ അനുനയിപ്പിച്ച സംഭവത്തിൽ പ്രതികരിച്ച് മാറാട് എസ്എച്ച്ഒ. ഏറെ നേരെ പണിപ്പെട്ടാണ് യുവാവിനെ അനുനയിപ്പിച്ചതെന്നും കുടുംബപ്രശ്നങ്ങളാണ് യുവാവിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു. യുവാവ് ഇപ്പോൾ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിൽ കഴിയുകയാണ്.
'രാത്രി കൺട്രോൺ റൂമിലേക്കാണ് കോൾ വന്നത്. യുവാവിൻ്റെ ലൊക്കേഷൻ കൺട്രോൾ റൂമിൽ കിട്ടി. അത് വെച്ച് പൊലീസ് അവിടെയെത്തി. എന്നാൽ 2 പൊലീസ് സംഘത്തിനും യുവാവിനെ അനുനയിപ്പിക്കാൻ സാധിച്ചില്ല. ഇതോടെയാണ് താൻ സ്ഥലത്ത് എത്തിയത്. യുവാവിനെ മനോനില എന്താണ് അറിയാത്തത് കൊണ്ട് സ്നേഹത്തോടെയാണ് സംസാരിച്ചത്. അവനിൽ ഒരു വിശ്വാസം ജനിപ്പിക്കാൻ സാധിച്ചാൽ അതിലൂടെ പിന്തിരിപ്പിക്കാൻ കഴിയുമെന്ന് കരുതി.
മോനേ നിൻ്റെ പേരെന്താണെന്ന് ചോദിച്ചു. ഫയാസ് എന്ന് പറഞ്ഞു. 24 വയസ് പ്രായമുണ്ടെന്നും ഭാര്യ വീട്ടുകാരുമായി പ്രശ്നമുണ്ടെന്നും പറഞ്ഞു. അവിടെ നിന്ന് താഴെയിറക്കിയ ശേഷം ഇയാളുടെ കൈയ്യിൽ നിന്ന് ഒരു കത്തി കണ്ടെത്തി. ആ കത്തി ഭാര്യ വീട്ടുകാരെ ആക്രമിക്കാൻ വേണ്ടി കരുതിയതാണെന്ന് പറഞ്ഞു. ഒന്നര മാസത്തോളമായി യുവാവ് ഉറങ്ങിയിട്ടില്ല. കടുത്ത വിഷമത്തിലാണെന്ന് മനസിലായതിനാൽ കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയി. വഴിമധ്യേ ഭക്ഷണം കഴിക്കാൻ നിർത്തി. കൈ കഴുകാൻ പോയപ്പോൾ ഫയാസിൻ്റെ കൈ വിറയ്ക്കുകയാണ്. യുവാവ് വിഷം കഴിച്ചിട്ടുണ്ടെന്ന് സംശയം തോന്നിയതിനാൽ കഴിക്കാൻ നിൽക്കാതെ ആശുപത്രിയിലേക്ക് പോയി. ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലും കൊണ്ടുപോയി. യുവാവിൻ്റെ വീട്ടുകാരെയും ഭാര്യ വീട്ടുകാരെയും ബന്ധപ്പെട്ടു. 2 കൂട്ടരും സഹകരിക്കാൻ തയ്യാറായില്ല. അതിനാൽ രാത്രി വൈകി കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.