Kasaragod: ബേഡകത്ത് യുവതിയെ കടമുറിക്കകത്ത് ടിന്നർ ഒഴിച്ച് തീകൊളുത്തി. സംഭവത്തിൽ പ്രതിയായ തമിഴ്നാട് സ്വദേശി അറസ്റ്റിൽ. ഇയാൾ മദ്യപിച്ച് ശല്യം ചെയ്യുന്നതിനെതിരെ യുവതി പരാതി നൽകിയതിന്റെ വൈരാഗ്യത്തിലാണ് ആക്രമണം. ബേഡകം മണ്ണടുക്കയിൽ പലചരക്ക് കട നടത്തുന്ന രമിതയ്ക്ക് നേരെയാണ് ആക്രമണം. അടുത്ത മുറിയിൽ ഫർണിച്ചർ കട നടത്തിയിരുന്ന തമിഴ്നാട് സ്വദേശി രാമാമൃതനാണ് യുവതിയെ തീ കൊളുത്തിയത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം. രാമമൃതം പതിവായി മദ്യപിച്ചെത്തി ശല്യം ചെയ്യുന്നതിനെതിരെ യുവതി ബേഡകം പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് സ്ഥലത്തെത്തി രാമാമൃതനോട് കടമുറി ഒഴിയാൻ ആവശ്യപ്പെട്ടിരുന്നു. ഇതിൻ്റെ വൈരാഗ്യത്തിൽ കടയിലെത്തിയ രാമാമൃതം യുവതിയുടെ ശരീരത്തിൽ തിന്നർ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.
സംഭവത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ആദ്യം കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സക്കായി മംഗലാപുരത്തെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അൻപത് ശതമാനത്തോളം പൊള്ളലേറ്റ യുവതി തീവ്രപരിചരണ വിഭാഗത്തിലാണ്.