ഇരിങ്ങാലക്കുട:
ഒൺലൈൻ തട്ടിപ്പുകാരെ സഹായിച്ച് പണം കൈമാറാൻ സ്വന്തം ബാങ്ക് അക്കൗണ്ട് വാടകയ്ക്ക് നൽകിയ കേസിൽ കോഴിക്കോട് സ്വദേശിനിയായ 29 വയസ്സുള്ള യുവതി പൊലീസ് പിടിയിലായി. ചെറുവണ്ണൂർ കൊളത്തറ മരക്കാൻകടവ് പറമ്പിൽ വീട്ടിൽ താമസിക്കുന്ന ഫെമീനയെ തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു.
റിട്ടയർഡ് അധ്യാപകനായ എടതിരിഞ്ഞി ചെട്ടിയാൽ സ്വദേശിയിൽ നിന്ന് ഓൺലൈൻ ട്രേഡിങ്ങിന്റെ പേരിൽ 44.97 ലക്ഷം രൂപ തട്ടിയ കേസുമായി ബന്ധപ്പെട്ടാണ് ഫെമീനയുടെ അറസ്റ്റ്. ഇതിൽ ഏഴരലക്ഷം രൂപ ഫെമീനയുടെ ബേപ്പൂർ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറിയതായാണ് പൊലീസിന്റെ കണ്ടെത്തൽ. ഈ തുക ഫെമീന ചെക്ക് മുഖേന പിൻവലിച്ച് ബന്ധുവായ ജാസിറക്ക് കൈമാറി. ഇതിനായി ഫെമീനക്ക് 5000 രൂപ പ്രതിഫലമായി ലഭിച്ചു.
കേരള ഹൈക്കോടതിയിൽ മുന്‍കൂര്‍ ജാമ്യം തേടിയ ഫെമീനയുടെ അപേക്ഷ തള്ളിയിരുന്നു. പിന്നീട് കോടതി തീർപ്പുനൽകിയിരുന്ന ഉത്തരവ് ലംഘിച്ചതിനെ തുടർന്ന് പൊലീസ് അന്വേഷണ സംഘം കോഴിക്കോട് നിന്ന് ഫെമീനയെ പിടികൂടുകയായിരുന്നു. വിശദമായ ചോദ്യംചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തി, കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇൻസ്പെക്ടർ ഇ.ആർ. ബൈജുവിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ബാബു ജോർജ്, എ.എസ്.ഐ മിനി, സീനിയർ സിവിൽ പൊലീസ് ഉദ്യോഗസ്ഥർ ധനേഷ്, കിരൺ എന്നിവർ ഉൾപ്പെട്ട സംഘമാണ് അന്വേഷണം നടത്തിയത്.