കൽപ്പറ്റ:കൽപ്പറ്റ പൊലീസ് സ്റ്റേഷനിൽ ആദിവാസി യുവാവ് ഗോകുൽ കസ്റ്റഡിയിലിരിക്കെ മരിച്ച സംഭവത്തിൽ രണ്ട് പൊലിസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. സ്റ്റേഷനിൽ ജി.ഡി ചാർജിൽ ഉണ്ടായിരുന്ന ദീപയും പാറാവിലെ ശ്രീജിത്തും സസ്പെൻഡായവരാണ്. കണ്ണൂർ റേഞ്ച് ഡിഐജിയുടെ നിർദേശപ്രകാരം വയനാട് ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ട് അടിസ്ഥാനമാക്കിയാണിത്.
സംഭവത്തെ തുടർന്ന് ജില്ലാ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കുകയും, ഫോറൻസിക് വിദഗ്ധരുടെ സംഘം സ്റ്റേഷൻ സന്ദർശിക്കുകയും ചെയ്തിരുന്നു. പൊലീസ് കംപ്ലെയിന്റ് അതോറിറ്റി ചെയർമാനും സ്റ്റേഷനിൽ പരിശോധന നടത്തി.
യുവാവിന്റെ മരണം വലിയ പ്രതിഷേധങ്ങൾക്കിടയിലായി. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ആദിവാസി സംഘടനകൾ രംഗത്തുവന്നിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കാൻ പദ്ധതിയിടുന്നുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.
സംഭവം ചൊവ്വാഴ്ച രാവിലെ 7.45നായിരുന്നു. കസ്റ്റഡിയിൽ ഉണ്ടായിരുന്ന അമ്പലവയൽ സ്വദേശി ഗോകുലിനെ സ്റ്റേഷനിലെ ശുചിമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. നേരത്തെ കാണാതായ പെൺകുട്ടിയോടൊപ്പം ഇയാളെ കോഴിക്കോട് നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പെൺകുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയ പൊലീസ്, യുവാവിനെ കൽപ്പറ്റ സ്റ്റേഷനിൽ തുടരാൻ ആവശ്യപ്പെട്ടിരുന്നു.
പോലീസ് ഷർട്ട് ഉപയോഗിച്ച് ഷവറിൽ തൂങ്ങിയതാണെന്ന് വിശദീകരിച്ചെങ്കിലും, സംഭവത്തിൽ പൊതു സമൂഹത്തിന്റെയും മനുഷ്യാവകാശ സംഘടനകളുടെയും ഭാഗത്തു നിന്ന് ശക്തമായ വിമർശനമാണ് ഉയരുന്നത്.