കോട്ടയം – പാലാ:അന്തിനാട് ഗവ. യു.പി. സ്‌കൂളിൽ വിദ്യാർഥികളുടെ മുന്നിൽ അധ്യാപകർ തമ്മിൽ ഉണ്ടായ തർക്കവും വിഭാഗീയ പ്രവർത്തനങ്ങളുമാണ് ഏഴ് പേരെ ഒരുമിച്ച് സ്ഥലംമാറ്റാൻ വിദ്യാഭ്യാസ വകുപ്പ് നടപടിയെടുക്കാൻ കാരണമായത്. പ്രധാനാധ്യാപികയും രക്ഷിതാക്കളും നൽകിയ പരാതിയെത്തുടർന്നാണ് നടപടി.
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് നയന പി. ജേക്കബ്, ധന്യ പി. ഗോപാൽ, അമൽ ജോസ്, സുനിത തങ്കപ്പൻ, മേരിക്കുട്ടി, കെ.ജി. മനുമോൾ, കെ.വി. റോസമ്മ എന്നീ അധ്യാപകർക്ക് കോഴിക്കോട്, ഇടുക്കി, ആലപ്പുഴ അടക്കമുള്ള സ്കൂളുകളിലേക്ക് സ്ഥലംമാറ്റം നൽകിയത്.
അധ്യാപകർ ക്ലാസ്മുറികളിൽ തന്നെ വാക്കുതർക്കത്തിൽ ഏർപ്പെടുകയും, പ്രധാനാധ്യാപികയുടെ നിർദേശങ്ങൾ അവഗണിക്കുകയും ചെയ്തതായും പരാതികളിൽ പറയുന്നു. തുടർച്ചയായ പ്രശ്നങ്ങൾക്കൊടുവിൽ പ്രധാനാധ്യാപികയും അവധിയിലായിരുന്നു. നിലവിൽ ആ സ്കൂളിൽ പുതിയ അധ്യാപകരെ നിയോഗിക്കാൻ വിദ്യാഭ്യാസ വകുപ്പ് നടപടിയെടുക്കുകയാണ്.