Kolkata
: വഖഫ് ഭേദഗതി നിയമമായതിന് പിന്നാലെ ബംഗാളില്‍ പ്രതിഷേധം. ബംഗാളിലെ മുര്‍ഷിദാബാദിലാണ് പ്രതിഷേധം അക്രമാസക്തമായത്. പ്രതിഷേധക്കാര്‍ പ്രധാന റോഡുകള്‍ ഉപരോധിക്കാന്‍ ശ്രമിച്ചത് പോലീസ് തടഞ്ഞു. ഇതിനേ തുടര്‍ന്ന് പോലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. പിന്നാലെ പ്രതിഷേധക്കാർ പോലീസ് വാഹനങ്ങള്‍ക്ക് തീയിടുകയും പോലീസിനെതിരെ കല്ലെറിയുകയും ചെയ്തു.
വഖഫ് ഭേദഗതി ബില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ച രാഷ്ട്രപതി ദ്രൗപതി മുര്‍മു ഒപ്പുവെച്ചതോടെ ബില്‍ നിയമമായി. ബില്‍ പ്രാബല്യത്തിലായതായി സര്‍ക്കാര്‍ വിജ്ഞാപനമിറക്കുകയും ചെയ്തു.
അതേസമയം മുര്‍ഷിദാബാദിലെ അക്രമസംഭവങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് ബിജെപി രംഗത്ത് വന്നു. അക്രമങ്ങള്‍ക്ക് ഉത്തരവാദി ആഭ്യന്തര വകുപ്പ് നിയന്ത്രിക്കുന്ന മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണെന്ന് ബിജെപി വക്താവ് അമിത് മാളവ്യ ആരോപിച്ചു. വഖഫ് ഭേദഗതിക്കെതിരായ വിദ്വേഷ പ്രസംഗമാണ് സംഘര്‍ഷത്തിന് വഴിതെളിച്ചതെന്നും മാളവ്യ ആരോപിച്ചു.
സംഘര്‍ഷം നടക്കുന്ന അതേ സ്ഥലത്തുതന്നെയാണ് മുമ്പ് കാര്‍ത്തിക പൂജയുടെ സമയത്ത് ഹിന്ദുക്കള്‍ക്കെതിരെ ആക്രമണം നടന്നതെന്ന് മാളവ്യ പറഞ്ഞു. മുസ്ലീം പ്രീണന നയം തുടരുന്ന മമതാ ബാനര്‍ജി ബംഗാളിനെ ബംഗ്ലാദേശിന്റെ പാതയിലേക്ക് കൊണ്ടുപോവുകയാണെന്നും അമിത് മാളവ്യ ആരോപിച്ചു.