കൊച്ചിയിൽ സ്ഥാപനത്തിലെ തൊഴിലാളികൾക്ക് നേരെ ക്രൂര പീഡനം: വീഡിയോ പുറത്ത്

 


കൊച്ചി:ഹിന്ദുസ്ഥാൻ പവർ ലിങ്ക്സ് എന്ന സ്ഥാപനത്തിൽ പ്രവർത്തിക്കുന്ന തൊഴിലാളികൾക്ക് നേരെ ക്രൂരമായ അതിക്രമങ്ങൾ നടത്തിയെന്ന ആരോപണവുമായി പുതിയ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നു. വസ്ത്രങ്ങൾ അഴിപ്പിച്ചു നായയുടെ ബെൽറ്റ് കഴുത്തിൽ കെട്ടി മുട്ടിൽ ഇഴഞ്ഞ് നാണയം നക്കിയെടുപ്പിക്കുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

തൊഴിലാളികൾക്ക് നൽകുന്ന ടാർഗറ്റ് നേടാൻ കഴിയാതെ വരുമ്പോഴാണ് ഈ പീഡനങ്ങൾ നടന്നതെന്ന് പരാതി. കൊച്ചിയിലെ കലൂർ ജനത റോഡിലുള്ള ശാഖയിലാണ് പ്രധാനമായി ഈ സംഭവങ്ങൾ നടന്നത്. വീടുകളിൽ ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനായി അയയ്ക്കപ്പെടുന്ന യുവാക്കളാണ് ഇവിടെ ജോലി ചെയ്യുന്നത്.

തൊഴിൽവകുപ്പും പോലീസും സംഭവത്തിൽ നടപടികൾ ആരംഭിച്ചിട്ടുണ്ട്. കേരള തൊഴില്മന്ത്രി വി. ശിവൻകുട്ടി, സംഭവം ഗുരുതരമാണെന്നും ജില്ലാ ലേബർ ഓഫീസറെ  അന്വേഷണത്തിനും ശക്തമായ നടപടികൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

കൂടാതെ, കേരള സംസ്ഥാന യുവജന കമ്മീഷനും സ്വമേധയാ കേസെടുത്തു. ജില്ലാ പോലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടതായും കമ്മീഷൻ ചെയർമാൻ എം. ഷാജർ അറിയിച്ചു.

"ഇത് ഒരു പുരോഗമന ജനാധിപത്യ സമൂഹത്തിൽ യോജിക്കാത്തതും അപലപനീയവുമായ പ്രവണതയാണ്. നിയമപരമായി കടുത്ത നടപടി എടുക്കും," ചെയർമാൻ പറഞ്ഞു.

ഈ സ്ഥാപനത്തിന് നേരത്തെയും ചൂഷണ പരാതി ഉണ്ടായിരുന്നുവെന്നും, പെൺതൊഴിലാളികൾ ഉൾപ്പെടെ നിരവധി പേർ മനസ്സമാധാനം ഇല്ലാതെ ജോലി വിട്ടുപോയ സംഭവങ്ങളും റിപ്പോർട്ട് ചെയ്തിരുന്നുവെന്നും വിവരങ്ങൾ വ്യക്തമാക്കുന്നു.

Post a Comment (0)
Previous Post Next Post