ഇടുക്കി:ശക്തമായ വേനൽമഴയെ തുടർന്ന് ഇടുക്കിയിൽ ഒരാൾ മരിച്ചു. തമിഴ്നാട് സ്വദേശി അയ്യാവാണ് അയ്യപ്പൻകോവിലിന് സമീപം ഒരു എസ്റ്റേറ്റിൽ ജോലി ചെയ്യുന്നതിനിടെ മണ്ണിടിച്ചിൽ സംഭവിച്ച് മരണപ്പെട്ടത്. ഉരുള്‍പൊട്ടലിൽ മണ്ണും കല്ലുകളും അയ്യാവിന്റെ ദേഹത്ത് വീണതായാണ് റിപ്പോർട്ട്. ഗുരുതരമായ പരിക്കുകളോടെ കട്ടപ്പനയിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നെടുങ്കണ്ടിൽ ശക്തമായ ഇടിമിന്നലിൽ ഒരു വീട് പൂർണമായി തകർന്നിരുന്നു. വീട്ടിലുള്ളവർ അത്ഭുതകരമായി രക്ഷപ്പെട്ടു. കോട്ടയം മുണ്ടക്കയത്ത് തൊഴിലുറപ്പ് തൊഴിലാളികൾക്കിടയിലും ഇടിമിന്നലേറ്റു. വരിക്കാനിയിലെ എട്ട് പേരെ കാഞ്ഞിരപ്പള്ളി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
കേരളത്തിലെ ഇടുക്കി, പത്തനംതിട്ട, വയനാട്, തൃശ്ശൂർ, മലപ്പുറം, പാലക്കാട് ജില്ലകളിൽ മഴയും ഇടിമിന്നലും രൂക്ഷമാകുമെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്. നാളെ നാല് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കൻ തമിഴ്നാട്, ആൻഡമാൻ കടൽ, അറബിക്കടൽ മേഖലകളിലേക്കുള്ള കാറ്റ് വ്യതിയാനങ്ങളും ചക്രവാതച്ചുഴികളും മഴയ്ക്ക് കാരണമാകുന്നതായും അറിയിപ്പ് അറിയിച്ചു.