പോക്‌സോ കേസ് പെരുകുന്നു; ചൂഷണം തടയാൻ അദ്ധ്യാപകർ

 കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമ കേസ് വർദ്ധിക്കുന്ന സാഹചര്യത്തിൽ ചൂഷണത്തിന് തടയിടാൻ അദ്ധ്യാപകരെ ഇറക്കി ബോധവത്കരണം നടത്താൻ സർക്കാർ നീക്കം. മറ്റുള്ളവർ ശരീരത്തിൽ തൊടുന്നതിന്റെ നല്ല വശങ്ങളും ചീത്ത വശങ്ങളും കുട്ടികളെ ധരിപ്പിക്കാൻ എളുപ്പത്തിൽ കഴിയുന്നത് അദ്ധ്യാപകർക്കാണ്.


ശരാശരി 4,500 പോക്‌സോ കേസാണ് മുൻ വർഷങ്ങളിൽ രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ ഈ വർഷം ആദ്യ രണ്ട് മാസത്തിൽ 888 കേസാണ് രജിസ്റ്റർ ചെയ്തത്. കുട്ടികൾ അദ്ധ്യാപകരോടും ചൈൽഡ് ലൈൻ പ്രവർത്തകരോടും കാര്യങ്ങൾ തുറന്നുപറയാൻ തുടങ്ങിയതോടെയാണിത്. 

പോക്‌സോ കേസ് സംബന്ധിച്ച് അദ്ധ്യാപകരിൽ പലർക്കും വ്യക്തമായ ധാരണയില്ല. കേസിനെ സംബന്ധിച്ച് അദ്ധ്യാപകർക്ക് ക്ലാസെടുക്കാനുള്ള നടപടികളും തൃശൂരിൽ പൊലീസ് ആസൂത്രണം ചെയ്യുന്നുണ്ട്. വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന പദ്ധതിക്ക് പുറമേയാണ് പൊലീസും സഹകരിക്കുന്നത്. വീടുകളിൽ കുട്ടികൾ പറഞ്ഞാലും പുറത്തറിയാതെ ഒതുക്കി തീർക്കുന്ന സംഭവങ്ങളുമുണ്ട്.

ആൺകുട്ടികളും ഇരകളാവുന്നു

ചൈൽഡ് പ്രൊട്ടക്‌ഷൻ കമ്മിറ്റി നടത്തിയ പരിശോധനയിൽ ആൺകുട്ടികൾക്ക് നേരെയും അതിക്രമം കൂടിവരുന്നതായി കണ്ടെത്തി. 2022ൽ 13 ശതമാനമായിരുന്നു. 2023ൽ 14ഉം 2024ൽ 18ഉം ശതമാനമായി ഉയർന്നു. ഏഴിനും 12നും ഇടയിലുള്ള കുട്ടികളാണ് കൂടുതലും ഇരയാകുന്നത്. കഴിഞ്ഞ വർഷം പോക്‌സോ കേസുകൾ ഏറ്റവും കൂടുതൽ തിരുവനന്തപുരം ജില്ലയിലായിരുന്നു. കുറവ് കാസർകോടും.

പോക്‌സോ കേരളത്തിൽ

( വർഷവും കേസുകളും )

2021: 3559

2022: 4586

2023: 4641

2024: 4594

2025 ഫെബ്രുവരി വരെ 888.

Post a Comment (0)
Previous Post Next Post