സ്കൂ‌ൾ വിദ്യാർഥികൾക്ക് യൂണിഫോം വിതരണം: സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

 


Thiruvananthapuram: 2025 - 26 അധ്യയന വർഷത്തെ സൗജന്യ യൂണിഫോം പദ്ധതിയുടെ ഭാഗമായി സ്കൂ‌ൾ വിദ്യാർഥികൾക്കുള്ള യൂണിഫോം വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് തിരുവനന്തപുരത്ത് നടക്കും. കഴക്കൂട്ടം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂ‌ളിൽ മന്ത്രി പി രാജീവ് കൈത്തറി യൂണിഫോമിന്റെ വിതരണ ഉദ്ഘാടനം നിർവഹിക്കും. മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനാകും.

നിലവില്‍ സൗജന്യ യൂണിഫോം പദ്ധതി രണ്ട് ഘടകങ്ങളായാണ് നടപ്പിലാക്കുന്നത്. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിന് കീഴിൽ വരുന്ന സൗജന്യ യൂണിഫോം പദ്ധതിയും സൗജന്യ കൈത്തറി യൂണിഫോം പദ്ധതിയും. സംസ്ഥാനത്തെ സ്റ്റാൻഡ് എലോൺ എൽപി, യുപി സർക്കാർ സ്കൂളുകളിലും 1 മുതൽ 4 വരെയുള്ള എയ്ഡഡ് എൽപി സ്കൂളുകളിലും കൈത്തറി വകുപ്പ് വഴി കൈത്തറി യൂണിഫോം നൽകിവരുന്നു. കൈത്തറി യൂണിഫോം ലഭിക്കാത്ത 1 മുതൽ 8 വരെയുള്ള ഗവണ്മെന്റ് ഹൈസ്കൂളിലെ എപിഎല്‍ വിഭാഗം ആണ്‍കുട്ടികള്‍ക്കും, 1 മുതൽ 8 വരെയുള്ള എയ്ഡഡ് സ്കൂളുകളിലെ മുഴുവൻ കുട്ടികള്‍ക്കും ഇതോടൊപ്പം 1 മുതൽ 5 വരെയുള്ള എയ്ഡഡ് എൽ പി സ്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും ഒരു കുട്ടിക്ക് രണ്ട് ജോഡി യൂണിഫോമിന് 600 രൂപ നിരക്കിൽ അലവന്‍സ് പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്നും നല്‍കി വരുന്നു.

2025- 26 വര്‍ഷം രണ്ട് ഘടകങ്ങള്‍ക്കായി 150 കോടി 34 ലക്ഷം രൂപ സര്‍ക്കാര്‍ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ സ്കൂളുകളിലെ ദാരിദ്ര്യ രേഖയില്‍ താഴെയുള്ള കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും എസ്എസ്കെ വഴി സൗജന്യ യൂണിഫോം പദ്ധതി നടപ്പാക്കുന്നുണ്ട്.

Post a Comment (0)
Previous Post Next Post