കൊച്ചി:പ്രസിദ്ധ നടനും സംവിധായകനുമായ പൃഥ്വിരാജ് സുഭാഷിനെതിരേ ആദായനികുതി വകുപ്പ് നടപടി ശക്തമാക്കുന്നു. 'കടുവ', 'ജനഗണമന', 'ഗോള്‍ഡ്' എന്നീ ചിത്രങ്ങളിൽ നിന്നുള്ള പ്രതിഫല വിവരങ്ങൾ വ്യക്തമാക്കുന്നതിന് ആവശ്യപ്പെട്ടാണ് പുതിയ നോട്ടീസ്. പൃഥ്വിരാജ് സഹനിര്‍മ്മാതാവായ ഈ ചിത്രങ്ങളിൽ നിന്നും ഏകദേശം 40 കോടി രൂപ വരുമാനം ലഭിച്ചതാണെന്നാണ് റിപ്പോർട്ടുകൾ.
2022-ലെ ആദായനികുതി പരിശോധനയുടെ തുടർച്ചയായാണ് ഈ നടപടി. പുതിയ നോട്ടീസിന് ഏപ്രിൽ 29-നകം മറുപടി നൽകണമെന്നു നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇതിനിടെ, വിവാദത്തിലായ ‘എമ്പുരാൻ’ സിനിമയുടെ പശ്ചാത്തലത്തിൽ നടനെയും നിർമാതാക്കളെയും കുരുക്കിയേക്കാവുന്ന കൂടുതൽ നടപടികൾ ഉണ്ടായേക്കുമെന്നുള്ള സൂചനകളും പുറത്ത് വന്നിട്ടുണ്ട്. ചിത്ര നിർമാതാവ് ഗോകുലം ഗോപാലൻറെ കൊടമ്പാക്കത്തെ ഓഫിസിൽ നടത്തിയ ഇഡി റെയ്ഡിന് പിന്നാലെയാണ് പൃഥ്വിരാജിനെതിരെയുള്ള ഐടി നടപടിയും.
ഗോപാലനെ ഇഡി ചോദ്യം ചെയ്തതിന്റെ പശ്ചാത്തലത്തിൽ സിനിമാ സാമ്പത്തിക ഇടപാടുകൾ വിശദമായി പരിശോധിക്കപ്പെടുകയാണ്. 1000 കോടിയിലധികം സാമ്പത്തിക ക്രമക്കേടുകൾ സംസ്ഥാനത്തും തമിഴ്‌നാട്ടിലും നടന്നതായി ഇഡി വ്യക്തമാക്കിയിട്ടുണ്ട്.
ഇപ്പോൾ നടക്കുന്ന അന്വേഷണങ്ങൾ നേരിട്ട് പുതിയ സിനിമാ വിവാദങ്ങളുമായി ബന്ധമില്ലെന്ന് ഇഡി വ്യക്തമാക്കിയെങ്കിലും, ഫെമ (FEMA) നിയമലംഘനം ഉൾപ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങളാണ് പരിശോധിക്കുന്നത്.