മുക്കത്ത് ലഹരി മരുന്നുകളുടെ വ്യാപനത്തിനെതിരെ ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ "ലഹരിക്കെതിരെ കൈകോർക്കാം" എന്ന പേരിൽ ചെറിയ പെരുന്നാൾ ദിനത്തിൽ മനുഷ്യചങ്ങല സംഘടിപ്പിച്ചു. ചുള്ളിക്കാപറമ്പ്, ചെറുവാടി, കുറുവാടങ്ങൽ, പൊറ്റമ്മൽ, കാവിലട, പന്നിക്കോട്, തേനേങ്ങപറമ്പ് എന്നിവിടങ്ങൾ ഉൾപ്പെടുത്തി അഞ്ച് കിലോമീറ്റർ നീളത്തിൽ സംഘടിപ്പിച്ച മനുഷ്യചങ്ങലയിൽ സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങൾ അണിനിരന്നു.
മാനവ മതിലായി മാറിയ നിരവധി സ്ഥലങ്ങളിൽ ലഹരിക്കെതിരായ പ്രതിജ്ഞയും നടത്തി. പരിപാടിയിൽ എം.എൽ.എ ലിന്റോ ജോസഫ്, ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ദിവ്യ ഷിബു, വൈസ് പ്രസിഡൻറ് ഫസൽ കൊടിയത്തൂർ ഉൾപ്പെടെയുള്ള നിരവധി ജനപ്രതിനിധികളും സാമൂഹിക പ്രവർത്തകരും പങ്കെടുത്തു.
ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങൾ തുടർനടപടികളായി വിപുലമായി നടത്തുമെന്ന് സംഘാടകർ അറിയിച്ചു
.