Malappuram, 'സൗന്ദര്യം കുറവ്, സ്ത്രീധനം പോരാ'; മലപ്പുറത്ത് യുവതി ജീവനൊടുക്കിയത് സ്ത്രീധന പീഡനം മൂലമെന്ന് കുടുംബം

 Malappuram: എളങ്കൂരില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍തൃപീഡനം ആരോപിച്ച് പെണ്‍കുട്ടിയുടെ കുടുംബം


. പൂക്കോട്ടുംപാടം സ്വദേശി വിഷ്ണുജയെ (25) വ്യാഴാഴ്ചയാണ് ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. സൗന്ദര്യം കുറവെന്ന് പറഞ്ഞും സ്ത്രീധനം നല്‍കിയത് കുറഞ്ഞു പോയെന്ന് പറഞ്ഞും യുവതിയെ ഭര്‍ത്താവ് പീഡിപ്പിച്ചിരുന്നു എന്നാണ് വിഷ്ണുജയുടെ കുടുംബം ആരോപിക്കുന്നത്. ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ഇതിന് കൂട്ടുനിന്നെന്നും വിഷ്ണുജയുടെ കുടുംബം ആരോപിച്ചു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത മഞ്ചേരി പൊലീസ് ഭര്‍ത്താവ് പ്രബിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരുന്നു.

മകള്‍ കടുത്ത മാനസിക പീഡനവും ശാരീരിക പീഡനവും അനുഭവിച്ചതായി വിഷ്ണുജയുടെ അച്ഛന്‍ വാസുദേവന്‍ ആരോപിച്ചു. 'മൂന്ന് പെണ്‍മക്കളില്‍ ഇളയ കുട്ടിയാണ് വിഷ്ണുജ. കുടുംബത്തില്‍ എന്തെങ്കിലും പ്രശ്‌നം ഉണ്ടായാല്‍ നല്ല ബോള്‍ഡ് ആയി നിലപാട് എടുത്തിരുന്ന കുട്ടിയായിരുന്നു. മറ്റു സ്ത്രീകളുമായി പ്രബിന് വഴിവിട്ട ബന്ധമുണ്ടായിരുന്നു. അവന്റെ വോയ്‌സ് ക്ലിപ്പ് ഞങ്ങളുടെ കൈയില്‍ ഉണ്ട്. കേട്ടാല്‍ അറയ്ക്കുന്ന വാക്കുകളാണ് അവന്‍ ഉപയോഗിച്ചിരുന്നത്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ സ്റ്റാഫ് നഴ്‌സ് ആയി ജോലി ചെയ്യുന്ന പ്രബിന്‍ എങ്ങനെയാണ് ഇത്രയും മോശം ഭാഷയില്‍ സംസാരിക്കുന്നത് എന്ന് മനസിലാകുന്നില്ല. ജോലി ഇല്ലാത്തതിന്റെ പേര് പറഞ്ഞും പീഡിപ്പിച്ചിരുന്നു. കൂടാതെ പ്രബിന്‍ വിഷ്ണുജയെ ദേഹോദ്രവം ഏല്‍പ്പിച്ചിരുന്നു. ജന്മദിനത്തിന് ഗിഫ്റ്റുമായി കൂട്ടുകാരി വന്നപ്പോള്‍ മര്‍ദ്ദനമേറ്റ പാടുകള്‍ കണ്ടപ്പോള്‍ ചോദിച്ചു. ആദ്യം ഉത്തരം പറഞ്ഞില്ല. പിന്നീടാണ് കാര്യം പറഞ്ഞത്. ഇക്കാര്യം അറിഞ്ഞ് ഞങ്ങള്‍ വീട്ടിലേക്ക് വരട്ടെ എന്ന് ചോദിച്ചപ്പോള്‍ വരേണ്ടെന്നും ഞാന്‍ തന്നെ പ്രശ്‌നങ്ങള്‍ തീര്‍ത്തോളം എന്നായിരുന്നു മകളുടെ മറുപടി. മകള്‍ ഇത്രയും സഹിച്ചത് പ്രബിനോടുള്ള സ്‌നേഹം കാരണമാണ്. പ്രബിനാണ് മരണവിവരം വിളിച്ച് അറിയിച്ചത്. എന്റെ മകളെ വിളിച്ചാണ് കാര്യം പറഞ്ഞത് - വാസുദേവന്‍ പറഞ്ഞു. കഴിഞ്ഞ 30നു വൈകിട്ട് 5.30ന് ആണു മരണ വിവരം ബന്ധുക്കൾ അറിയുന്നത്. ബെഡ് റൂമിന്റെ ജനലിൽ ‍തൂങ്ങിമരിച്ച നിലയിലായിരുന്നു. രണ്ട് കയ്യില്‍നിന്നും രക്തം വാർന്ന നിലയിലായിരുന്നു. വിഷ്ണുജയുടെ ശരീരത്തിൽ മുറിവുകളുണ്ടായിരുന്നെന്നും കുടുംബം ആരോപിച്ചു.

സൗന്ദര്യം കുറവാണെന്നു പറഞ്ഞ് പ്രബിൻ നിരന്തരം വിഷ്ണുജയെ ആക്ഷേപിച്ചിരുന്നെന്ന് കുടുംബം പറയുന്നു. വിവാഹം കഴിഞ്ഞ് ഒന്നരവർഷമായിട്ടും ഒപ്പം വാഹനത്തിൽ കൊണ്ടുപോകാനോ വിഷ്ണുജയുടെ വീട്ടിലേക്ക് വരാനോ പ്രബിൻ തയാറായിരുന്നില്ല. ഒപ്പം കൊണ്ടുനടക്കാനുള്ള സൗന്ദര്യം ഇല്ലെന്നാണ് പ്രബിൻ പറഞ്ഞിരുന്നതെന്നും ബന്ധുക്കൾ പറഞ്ഞു.

2023 മെയ് മാസത്തിലായിരുന്നു ഇരുവരുടെയും വിവാഹം. എന്നാല്‍ വിഷ്ണുജയുടെ ആത്മഹത്യയില്‍ പങ്കില്ലെന്നാണ് പ്രബിന്റെ കുടുംബം പറയുന്നത്. പ്രബിനും ഭാര്യ വിഷ്ണുജയും തമ്മില്‍ ചില അഭിപ്രായ വൃത്യാസങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ആത്മഹത്യയുടെ കാരണം അറിയില്ല. സ്ത്രീധനം ചോദിക്കുകയോ വാങ്ങുകയോ ചെയ്തിട്ടില്ലെന്നും പ്രബിന്റെ കുടുംബം പ്രതികരിച്ചു.

Post a Comment (0)
Previous Post Next Post