Balussery :ഹജ്ജ് മുസ്‌ലിംകൾക്ക് മാത്രമുള്ളതാണെങ്കിലും ഹജ്ജിൻ്റെ സന്ദേശം മാനവികതയും
ഭൂമിയിലുള്ള ജീവജാലങ്ങളോട് കരുണ കാണിക്കലുമാണെന്ന് ഹജ്ജ് ട്രെയ്നർ അബ്ദുല്ലത്തീഫ് സുല്ലമി മാറഞ്ചേരി പറഞ്ഞു. മറീന ഓഡിറ്റോറിയത്തിൽ വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഹജ്ജ് കേമ്പിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഹജജിനെത്തുന്നവരിൽ രാജാവെന്നോ പ്രജയെന്നോ പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ ഇല്ല. എല്ലാവരും ഒരേ വേഷവും മന്ത്രവുമാണ് ഉരുവിടുന്നത്. മനുഷ്യർക്കിടയിൽ വിശ്വാസിയോടും അവിശ്വാസിയോടും സ്നേഹവും ബഹുമാനവും, ഭൂമിയിലുള്ള ജീവജാലങ്ങളോട് കാരുണ്യം ചെയ്യുവാനുമാണ് പ്രവാചകൻ വിടവാങ്ങൽ ഹജ്ജിൽ പഠിപ്പിച്ചത്. അന്യൻ്റെ രക്തവും അഭിമാനവും സംരക്ഷിക്കേണ്ടതും വിശ്വാസിയുടെ ബാധ്യതയാണ്. അദ്ദേഹം തുടർന്നു. വിസ്ഡം ജില്ലാ ട്രഷറർ സി.പി സാജിദ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഒ. റഫീഖ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. പി അബൂബക്കർ മാസ്റ്റർ സ്വാഗതവും മുനിസ് അൻസാരി നന്ദിയും പറഞ്ഞു.